
പ്രവാസി എഴുത്തുകാരന്‍ പി. ജെ. ജെ ആന്റണിയുടെ “സ്റ്റാലിനിസ്റ്റുകള്‍ മടങ്ങി വരുന്നുണ്ട്” എന്ന കഥാസമാഹാരം പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ ആലപ്പുഴയില്‍ പ്രകാശനം ചെയ്തു.
എഴുത്തുകാരന്‍ സ്വതന്ത്രനും നിര്‍ഭയനുമായി എഴുതുമ്പോഴാണ് മികച്ച രചനകള്‍ പിറക്കുന്നതെന്നും അതിനാല്‍ എഴുത്തുകാരനെ പാട്ടിലാക്കാനുള്ള തന്ത്രങ്ങള്‍ക്കെതിരെ അയാള്‍ സദാ ജാഗരൂകനായിരിക്കണമെന്നും പെരുമ്പടവം അഭിപ്രായപ്പെട്ടു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം കഥാകൃത്ത് കെ. എ. സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. യുവകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകത്തെ പരിചയപ്പെടുത്തി. പുതിയ കാലത്തെ പുതിയ രീതിയില്‍ ആവിഷ്കരിക്കുകയാണ് ഈ സമാഹാരത്തിലെ കഥകളെന്നും അതിനു സഹായകരമായ ഭാഷയും ആഖ്യാന ശൈലിയുമാണ് പി. ജെ. ജെ ആന്റണിയുടെ കരുത്തെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു.
മുഖരേഖ മാസികയുടെ മാനേജിങ്ങ് എഡിറ്റര്‍ ഫാ. സേവ്യര്‍ കുടിയാശ്ശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ എം. പി ഡോ കെ. എസ് മനോജ്, അബ്രഹാം അറക്കല്‍, കാവാലം ബാലചന്ദ്രന്‍, അമൃത, പിജെ ഫ്രാന്‍സിസ്, സി. വി. ജോസ്, സുനില്‍ മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.